Saturday, May 28, 2011

LIC ഏജെന്റെ - ഒരു തുടര്‍കഥ

കുട്ടിക്കാലത്തെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണുന്നത് ഒരു നല്ല ഇടവേളക്കു ശേഷം ആയിരുന്നു. അതുകൊണ്ടുതന്നെ കത്തി അടിക്കാന്‍ കുറെ വിഷയങ്ങള്‍ ഉണ്ടായിരുന്നുതാനും.. അവളുടെ മോളൂട്ടീ യുടെ കുസൃതികളും.. ഭര്‍ത്താവിന്റെ ബിസിനെസ്സും എന്ന് തുടങ്ങി പുതുതായെടുത്ത സാരിയുടെ കളര്‍ ഇന്‍റെ കാര്യം വരെ ചര്‍ച്ച ചെയ്തു.. ചര്‍ച്ചകള്‍ കാടു കയറി തുടങ്ങി.. അവളുടെ ഭര്‍ത്താവ് എന്റെ കത്തി അടി കുറെ സഹിച്ചിരുന്നു.. പിന്നെ അത് ഇപ്പോഴെങ്ങും തീരില്ല എന്ന് മനസ്സിലായപ്പോള്‍ "ഇപ്പോള്‍ വരാമേ" എന്ന് പറഞ്ഞു ആശാന്‍ മുങ്ങി..
വിഷയങ്ങള്‍ തീരുന്നോ എന്ന് സംശയം ആയി..അപ്പോഴാണ് ആയിടെ വീട്ടില്‍ വന്ന ഏതോ ഒരു വകേലെ മാമന്‍ LIC ഇല്‍ ചേരാന്‍ നിര്‍ബന്ധിച്ച കാര്യം ഓര്‍മ വന്നെ.. നാട്ടില്‍ ഇപ്പോള്‍ ഒരു വീട്ടില്‍ ഒരു LIC ഏജെന്റ്റ്‌ എന്ന അവസ്തയിലെക്കെത്തി ചേര്‍ന്നേക്കുന്നതിനാല്‍ ഈ വിഷയം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.. പുതിയ ഒരു ചര്‍ച്ച വിഷയം കിട്ടിയ ആവേശത്തില്‍ വകേലെ മാമന്‍ LIC ഇല്‍ ചേരാന്‍ വേണ്ടി നിര്‍ബന്ധിച്ചതും വളരെ വിദഗ്ദ്ധമായി ഞാന്‍ ഒഴിഞ്ഞു മാറിയതും ( അക്കൗണ്ട്‌ ഇല്‍ ‍ പൈസ കൂടെ വേണേ!!) എല്ലാം കുറച്ചു എരിവും മസാലയും പുളിയും എന്ന് വേണ്ട ഉപ്പും കല്ലുപ്പും വരെ ചേര്‍ത്ത് പറഞ്ഞു കൊണ്ടിരുന്നു.. വകേലെ LIC മാമനെ ഒരു കാര്‍ക്കൊടകനായും എന്നെ ഒരു ജീനിയസ് ആയും വരുത്തി തീര്‍ക്കാനുള്ള എന്റെ ശ്രമം പുരോഗമിച്ചു കൊണ്ടേ ഇരുന്നു..അവള്‍ എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുവാന് .. മിണ്ടുന്നേ ഇല്ല.. അതിനര്‍ത്ഥം അവളും സമ്മതിക്കുന്നു ഈ LIC ഏജെന്റ്റ്‌ ഉം മാരുടെ ശല്യം അതിക്രമിച്ചു കഴിഞ്ഞേക്കുന്നു എന്ന്.. LIC ഏജെന്റ്റ്‌ ആണെന്നരിഞ്ഞാല്‍ ഒരിക്കലും പിടികൊടുക്കരുത് അപ്പോഴേ മുങ്ങിക്കോണം എന്നും.. അവരു നമ്മളെ വലയില്‍ വീഴ്ത്താനും "കൂറ" പോളിസി എടുപ്പിക്കാനും പല കള്ളങ്ങളും പറയും എന്നും..എന്നുവേണ്ട അവരെ എത്ര വൃതികെട്ടവരായി ചിത്രീകരിക്കാമോ അതും അതിനപ്പുറവും ഉള്ള വക ഞാന്‍ ഇതിനകം പറഞ്ഞു കഴിഞ്ഞിരുന്നു .. ഹാവൂ!! എന്തൊരു ആശ്വാസം!! ഈ ഗോസ്സിപ്പിംഗ് എന്ന് പറഞ്ഞാല്‍ ഇത്ര അധികം മനസമാധാനം തരുന്ന ഒന്നാണോ.. കോപ്പ്.. എന്തും ആകട്ടെ !! .. എന്റെ പ്രിയതോഴി ഇപ്പോഴും മൌനത്തിലാണ്...ആലോചിക്കുവായിരിക്കും ഞാന്‍ പറഞ്ഞത് എത്ര സത്യം എന്ന്..എനിക്ക് വയ്യ.. ഈ എന്നെ കൊണ്ട് തോറ്റു..ഒന്ന് ചിരിച്ചു അവളെ ആത്മസംത്രിപ്തിയോടെ ഞാന്‍ നോക്കി..
അവള്‍ പറയാന്‍ മുരടനക്കി.. ഇവളെ കൊണ്ട് തോറ്റു..ഇതിനിത്രയും ഒക്കെ ആലോചിക്കണോ..കുറെ നേരം ആയല്ലോ ഇവള്‍ ഈ കുന്തം വിഴുങ്ങിയ പോലുള്ള ഇരിപ്പ് തുടങ്ങിയിട്ട്.. അവള്‍ പറഞ്ഞു.." ഡീ..ഞാനും എന്റെ ഹസ്ബന്റും LIC ഏജെന്റ്സാനു..,ഓഹ്ഹോ അങ്ങിനെയോ.. കൊള്ളാല്ലോ.."വെയിറ്റ്!! അല്ല എന്താ പറഞ്ഞെ??!!" അവള് പിന്നേം പറഞ്ഞു "ഞാനും കെട്ടിയോനും ഒരു വര്‍ഷമായി LIC ഏജെന്റ്റ്‌ ആയിട്ടു"..തൊണ്ടയില്‍ എന്തോ തടഞ്ഞ പോലെ..വെള്ളം എവിടെ.. അതോ ചായ ആയിരുന്നോ കുടിക്കാന്‍ തന്നത്..ഈ ബിസ്ക്കറ്റ് ഒക്കെ ഏതു ബ്രാണ്ടാ..അല്ല ഈ ഞാന്‍ ഇപ്പോള്‍ ഇവിടെ എന്ത് ചെയ്യുവാ??..എനിക്ക് പോകണ്ടേ?..അല്ല ഞാന്‍ ശരിക്കും എന്താ ചെയ്യുന്നേ? അമ്മോ..എല്ലാം കീല്മേല്‍ ആയതു പോലെ..അവിടെ ഇരുന്ന ഒരു ഗ്ലാസ്‌ വെള്ളം എടുത്തു പടപടാന്ന് വായില്‍ കമഴ്ത്തി.. പകുതി ഡ്രസ്സിലും ആക്കി..വളിച്ച ചിരി കാണാത്തവര്‍ക്ക് ആ സമയത്ത് എന്റെ ഒരു ഫോട്ടോ ക്യാമറയില്‍ എടുത്തിരുന്ണേല്‍ കാണിച്ചുതരാരുന്നു .. വാച്ചില്‍ ടൈം നോക്കി.. പോകാന്‍ ടൈം ആയോ? .. ഒരു 5 മിനിറ്റ് കഴിഞ്ഞു ഞാന്‍ പറഞ്ഞു "ഈ LIC എന്നൊക്കെ പറഞ്ഞാല്‍ സംഗതി നല്ലതാണ്.. കുറെ പേര് രക്ഷപെടുന്നുണ്ട് ഇതു കാരണം" ..അവള്‍ തലയാട്ടി..അതിനര്‍ത്ഥം "ഉവ്വെന്നോ" .. അതോ മറ്റേ " ഉവ്വ് ഉവ്വേ.. " എന്നോ ?? ഇനി എന്താ പറയണ്ടേ..ഞാന്‍ വീണ്ടും ഒരു വിഫല ശ്രമം കൂടെ നടത്തി നോക്കി.. " അതെ ഈ LIC ക്ക് കുറച്ചു നല്ല പോളിസി ഒക്കെ ഉണ്ട്" .. വാക്കുകള്‍ക്ക് ഇത്ര ക്ഷാമമോ ദൈവമേ!! ഞാന്‍ നിര്‍ത്തി..എന്നിട്ട് പെട്ടെന്നു വാച് നോക്കി " അയ്യോ..ഇത്ര ലേറ്റ് ആയോ.. ഇപ്പോള്‍ തന്നെ വീട്ടില്‍ ചെന്നില്ല്ലേല്‍ മമ്മി വഴക്ക് പറയും" എന്ന് പറഞ്ഞു തല്‍ക്കാലം അവിടെ നിന്ന് തടി തപ്പി..
വീട്ടില്‍ എത്തിയപ്പോള്‍ വേറെ ഒരു കൂട്ടുകാരിയുടെ ഫോണ്‍ വന്നു.. ഞാന്‍ അവളോട്‌ മറ്റേ കൂട്ടുകാരിയുടെ വീട്ടില്‍ പോയ കാര്യം പറഞ്ഞു.."മറ്റേ" കാര്യം ഒഴിച്ച്..ഏതു മറ്റേ കാര്യം എന്ന് ചോദിച്ചു ഒരു മാതിരി ആക്കല്ലേ..എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ ഞാന്‍ പറഞ്ഞു നിനക്കറിയാമോ അവളും ഹസ്സും LIC ഏജെന്റ്സു ആണ്.." അതെയോ?? ഡാ.. എന്റെ ഹസ്സും ഏജെന്റ്റ്‌ ആണ്".. മതി!!..ഇനി എനിക്കൊന്നും കേള്‍ക്കണ്ട!!.. ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു...

Thursday, May 26, 2011

ബൌളിംഗ് ഒരു മഹാ സംഭവം - By ennude brother

ബൌളിംഗ്, ഇന്നുവരെ സിനിമയില്‍ ഹീറോ മത്തങ്ങക്ക് കറുത്ത പെയിന്റ് അടിച്ച പോലത്തെ ഒരു ബോള്‍ ഈസിയായി വലിച്ചെറിഞ്ഞു അങ്ങേ അറ്റത്ത് നിരത്തി വച്ചേക്കുന്ന കുറെ വെളുത്ത കുപ്പികള്‍ മറിച്ചിടുന്നത് മാത്രമേ കണ്ടിട്ടുള്ളു. ഈ ഒരു ഫീല്‍ഡില്‍ എന്റെ ആകെക്കുടിയുള്ള എക്സ്പീരിയന്‍സ് എന്ന് പറഞ്ഞാല്‍ കുട്ടിക്കാലത്ത് മാവേലെരിഞ്ഞത് മാത്രമാണ് (ഒരു മാങ്ങപോലും ഇന്നുവരെ ഏറുകൊണ്ട് വീണിട്ടില്ല എന്ന ഖദന കഥ ചേര്‍ത്ത് വായിക്കാന്‍ അപേക്ഷിക്കുന്നു). ഒരു ബൌളിംഗ് കോമ്പടിഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയപ്പോള്‍ വല്ലാത്തൊരു ആക്രാന്തം (സംഗതി ഫ്രീ ആണെന്നുള്ളതാണ് ഇതിനുപിന്നിലെ ചേതോവികാരം ). എന്നാലും ഉള്ളിലൊരു പേടി - എന്റെ ഭഗവാനെ.. ഇന്നുവരെ ഒരു ബൌളിംഗ് ബോള്‍ കൈകൊണ്ടു തൊട്ടിട്ടുപൊലുമില്ല എന്ന് മാത്രമല്ല ഈ സംഭവം നേരില്‍ കണ്ടിട്ട് പോലുംമില്ല.. രണ്ടും കല്‍പ്പിച്ചു രണ്ടു കയ്യും ഉയര്‍ത്തി ഉറക്കെ പ്രഖ്യാപിച്ചു "ഞാനുമുണ്ടൊരു കൈ നോക്കാന്‍" (രണ്ടു കയ്യും ഉയര്‍ത്തിയാല്‍ ഡബിള്‍ ചാന്‍സ് കിട്ടുമോ എന്നുള്ള കൊനഷ്ടു ചോദ്യം ചോദിക്കരുത്..ഒരു ആവേശത്തില്‍ ഒരു കയ്യും കൂടെ പൊങ്ങി പോയി അത്രേയുള്ളൂ!!)
അങ്ങനെ ആ സുദിനം വന്നെത്തി.. മുന്‍കൂട്ടി തീരുമാനിച്ചുരപ്പിച്ചത് പോലെ ഞങ്ങള്‍ നാലുപേരും (ചില സാങ്കേതിക കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ പറ്റില്ല..വേണേല്‍ വട്ടപേര് പറഞ്ഞു തരാം..അത് പറഞ്ഞാലേ അവരെ അറിയാന്‍ ഒക്കുകയുള്ള് ) ബൌളിംഗ് സെന്ററില്‍ എത്തി.. അവിടുത്തെ തിരക്കു കണ്ടെന്റെ കണ്ണ് തള്ളിപോയി. കൌണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്തു ഞങ്ങള്‍ ബൌളിംഗ് ഏരിയയിലേക്ക് എത്തി - പതിയെ ചുറ്റു പറ്റത്തുള്ളവര്‍ എങ്ങനെയാണു ചെയ്യുന്നതെന്ന് നോക്കി; പിന്നെ അവിടെ ഇരുന്ന മത്തങ്ങാ ബോളിലെക്കും നോക്കി.. ഞാന്‍ അതെടുത്തെറിഞ്ഞാല്‍ എന്തെങ്കിലും വീഴുമോ ആവോ!! വീഴുന്നതും പോകട്ടെ അവര് ഉണ്ടാക്കി വച്ചേക്കുന്ന വഴിയില്‍ കൂടി തന്നെ പോകുമോ..അതോ അടുത്തു തന്നെ കളിച്ചുകൊണ്ടിരിക്കുന്ന തലയില്‍ ചുമ്മന്ന കള്ളി മുണ്ടുടുത്തെക്കുന്ന അറബിയുടെ വഴിയില്‍ ചെന്ന് വീഴുമോ? എന്റെ അത്മഗതങ്ങള്‍ക്ക് വിരാമമിട്ടു മനസ്സിലെ വെപ്രാളം വെളിയില്‍ കാണിക്കാതിരിക്കാന്‍ മാക്സിമം ശ്രമിച്ചു മൂന്നു വിരലുകള്‍ കൊണ്ട് ബോള്‍ ഉയര്‍ത്താന്‍ നോക്കി, അമ്മോ!! എന്നാ മുടിഞ്ഞ വെയിറ്റ് ! വിരല്‍ ഒടിഞ്ഞു പോകും പോലെ തോന്നി.. ബോള്‍ താഴെ ഇട്ടു, എന്നിട്ട് സഹപ്രവര്‍ത്തകര്‍ക്ക് ബൌള്‍ ചെയ്യാന്‍ വേണ്ടി അവസരം കൊടുക്കുന്നു എന്ന ഭാവേന മാറി നിന്നു.. (അവന്മാര് ചെയ്യുന്നത് കണ്ടു പഠിക്കണ്ടേ?) ആരും കാണാതെ വിരല്‍ ഒടിഞ്ഞില്ല എന്ന് ഉറപ്പും വരുത്തി .. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്‍ട്രോള്‍ വിട്ടു. ഇവന്മാര് മാറി മാറി കളിച്ചു തിമര്‍ക്കുക ആണ് ..ശവങ്ങള്‍ !! "നീ കളിക്കുന്നില്ലേ" എന്ന് ഒരു ഫോര്മാലിടിക്ക് പോലും ചോദിക്കുന്നുമില്ല.. ഇതു അനുവദിച്ചു കൊടുത്തുകൂടാ..(കളിക്കണ്ട വിധം ഏകദേശം ഇതിനകം മനസ്സില്‍ ആയി കഴിയുകയും ചെയ്തു) ..ഇനി ഇങ്ങനെ നിന്നാല്‍ എനിക്ക് ചാന്‍സ് കിട്ടില്ല.. അവരെ തള്ളി മാറ്റി കയ്യില്‍ കിട്ടിയ ബോള്‍ വലിച്ചെടുത്തു ഒരേറു - എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് (എന്നെയും) നിരത്തിവെച്ച എല്ലാ കുപ്പികളും (Pins ) കടപുഴകിവീഴുന്ന മനോഹരമായ കാഴ്ച കണ്ടെന്റെ കണ്ണ് പിന്നെയുംതള്ളി - കണ്ടു നിന്നവരുടെയും!! ഞാനൊരു മഹാ സംഭവമാണെന്ന് മറ്റുള്ളവര്‍ മനസിലാക്കിയല്ലോ എന്നുള്ള ഭാവത്തില്‍ എല്ലാരേം നോക്കി.. പിന്നെ ഇതൊക്കെ എനിക്ക് പുല്ലാണ് വെറും പുല്ലു എന്നുള്ള മട്ടില്‍ അടുത്ത ബോള്‍ കയ്യില്‍ എടുത്തു , അപ്പോള്‍ മനസ്സിലാരോ പറഞ്ഞു " പൊട്ടക്കണ്ണന്റെ മാവേലേര്"

Sunday, May 15, 2011

ആശിസ്സ് വധിക്കു പപ്പാ..

പെണ്ണിന് മര്യാദക്ക് എഴുതാനും അറിയില്ലേ എന്നാകും ആദ്യം തലകെട്ട് കണ്ടപ്പോള്‍നിങ്ങളുടെ മനസ്സില്‍ വന്നതെന്ന് എനിക്കറിയാം..."ഹേ അങ്ങിനെ ഒന്നും അല്ല" എന്ന് പറഞ്ഞുതിരുത്തണ്ട കാര്യോം ഇല്ല..ഇതൊക്കെ എനിക്ക് പുത്തരി അല്ലാട്ടോ..ഇതില്‍ കൂടുതല്‍ എത്രയോകേട്ടിരിക്കുന്നു :-).. നിനക്ക് ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിക്കൂടെ എന്ന് ചോദിച്ചു നിരുത്സാഹപെടുത്തുന്ന എല്ലാവരുടേം തലയില്‍ ഇടിത്തീ വീഴണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.. ഇതാ വീണ്ടുംഞാന്‍ ..
ഇനി ആശിഷ് വധത്തിന്റെ പിന്നില്‍ ഉള്ള കാര്യം പറയാം. മിക്ക ആഴ്ചകളിലും ഒമാനില്‍ നിന്നുംബ്രതറിന്റെ കാള്‍ വരുമ്പോള്‍ ടുട്ടുമോന്റെ കുസൃതികളെ കുറിച്ച് പറയാറുണ്ട്. പിന്നെ ടുട്ടുമോന്റെ വകപാട്ടുകളും കഥകളും ഒക്കെ ആയി സമയം പോകുന്നത് അറിയുകയേ ഇല്ല. ടി.വി യില്‍ കാണുന്ന പലതും അനുകരിച്ചു കാണിക്കാറുണ്ട് 3 വയസ്സാകാന്‍ പോകുന്ന കുസൃതി കുടുക്ക. അങ്ങിനെ ഇരിക്കെ ആണ് ഒരു ദിവസം ഓഫീസ് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ വന്നു കേറിയ ബ്രതറിന്റെ കാലേല്‍ ടുട്ടു വന്ന്നുനീണ്ടു നിവര്‍ന്നു കമഴ്ന്നടിച്ചു വീഴുന്നത് . എന്താ കുട്ടിക്ക് പറ്റിയത് എന്നറിയില്ല. ഇനി ഓടിവന്നപ്പോള്‍ വീണതാകുമോ? പിടിച്ചു എഴുന്നേല്പിക്കാന്‍ തുടങ്ങുനതിനു മുമ്പ് തന്നെ അവന്‍ പറഞ്ഞു "ആശിസ്സ് വധിക്കു പപ്പാ..ടുട്ടുനെ ആശിസ്സ് വധിക്കു ".. പപ്പാ ആകെ അന്തം വിട്ടു കുന്തം വിഴുങ്ങിയപോലെ നിന്നു കുറച്ചു നേരം. അപ്പോഴേക്കും സഹധര്‍മിണി അതായതു ടുട്ടുമോന്റെ അമ്മ രംഗപ്രവേശം ചെയ്തു . ധര്മിണി പറഞ്ഞു ഇനി ടുട്ടുന്റെ തലയില്‍ കയ്യ് വച്ചു അനുഗ്രഹിക്കാതെ അവന്‍എഴുനെല്കില്ല എന്ന് . അങ്ങിനെ ടുട്ടുന്റെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചതിന് ശേഷം ആണ് അവന്‍ എഴുന്നേറ്റത് . മോനെ കുറിച്ച് ഓര്‍ത്തു അഭിമാനിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അവിടെനിന്നും എഴുന്നേറ്റു ടുട്ടു ഓടി അടുത്ത് കിടന്ന ഡൈനിങ്ങ്‌ ടേബിള്‍ ഇല്‍ വലിഞ്ഞു കേറി. എന്തിനെന്നറിയാവോ? ടുട്ടുനെ പേടിച്ചു മാറ്റി വച്ചേക്കുന്ന ഫിഷ്‌ ടാങ്കിലെ മീനെ പിടിക്കാന്‍ .. എന്നിട്ട് അത് പപ്പാക്ക് ഫ്രൈ ചെയ്തു കൊടുക്കാന്‍ ... കഥ ഇവിടെ തീരുന്നില്ല.. ഇനിയും ഇങ്ങനത്തെ പല ടുട്ടുമോന്‍ കഥകളും ഉണ്ട് എന്റെ കയ്യില്‍ ..അതൊക്കെ എഴുതി എല്ലാരേം കൊണ്ട് നിര്‍ബന്ധിപ്പിച്ചുവായിപ്പിക്കുന്ന കാര്യം ഞാന്‍ ഏറ്റു..
"