Thursday, May 26, 2011

ബൌളിംഗ് ഒരു മഹാ സംഭവം - By ennude brother

ബൌളിംഗ്, ഇന്നുവരെ സിനിമയില്‍ ഹീറോ മത്തങ്ങക്ക് കറുത്ത പെയിന്റ് അടിച്ച പോലത്തെ ഒരു ബോള്‍ ഈസിയായി വലിച്ചെറിഞ്ഞു അങ്ങേ അറ്റത്ത് നിരത്തി വച്ചേക്കുന്ന കുറെ വെളുത്ത കുപ്പികള്‍ മറിച്ചിടുന്നത് മാത്രമേ കണ്ടിട്ടുള്ളു. ഈ ഒരു ഫീല്‍ഡില്‍ എന്റെ ആകെക്കുടിയുള്ള എക്സ്പീരിയന്‍സ് എന്ന് പറഞ്ഞാല്‍ കുട്ടിക്കാലത്ത് മാവേലെരിഞ്ഞത് മാത്രമാണ് (ഒരു മാങ്ങപോലും ഇന്നുവരെ ഏറുകൊണ്ട് വീണിട്ടില്ല എന്ന ഖദന കഥ ചേര്‍ത്ത് വായിക്കാന്‍ അപേക്ഷിക്കുന്നു). ഒരു ബൌളിംഗ് കോമ്പടിഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയപ്പോള്‍ വല്ലാത്തൊരു ആക്രാന്തം (സംഗതി ഫ്രീ ആണെന്നുള്ളതാണ് ഇതിനുപിന്നിലെ ചേതോവികാരം ). എന്നാലും ഉള്ളിലൊരു പേടി - എന്റെ ഭഗവാനെ.. ഇന്നുവരെ ഒരു ബൌളിംഗ് ബോള്‍ കൈകൊണ്ടു തൊട്ടിട്ടുപൊലുമില്ല എന്ന് മാത്രമല്ല ഈ സംഭവം നേരില്‍ കണ്ടിട്ട് പോലുംമില്ല.. രണ്ടും കല്‍പ്പിച്ചു രണ്ടു കയ്യും ഉയര്‍ത്തി ഉറക്കെ പ്രഖ്യാപിച്ചു "ഞാനുമുണ്ടൊരു കൈ നോക്കാന്‍" (രണ്ടു കയ്യും ഉയര്‍ത്തിയാല്‍ ഡബിള്‍ ചാന്‍സ് കിട്ടുമോ എന്നുള്ള കൊനഷ്ടു ചോദ്യം ചോദിക്കരുത്..ഒരു ആവേശത്തില്‍ ഒരു കയ്യും കൂടെ പൊങ്ങി പോയി അത്രേയുള്ളൂ!!)
അങ്ങനെ ആ സുദിനം വന്നെത്തി.. മുന്‍കൂട്ടി തീരുമാനിച്ചുരപ്പിച്ചത് പോലെ ഞങ്ങള്‍ നാലുപേരും (ചില സാങ്കേതിക കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ പറ്റില്ല..വേണേല്‍ വട്ടപേര് പറഞ്ഞു തരാം..അത് പറഞ്ഞാലേ അവരെ അറിയാന്‍ ഒക്കുകയുള്ള് ) ബൌളിംഗ് സെന്ററില്‍ എത്തി.. അവിടുത്തെ തിരക്കു കണ്ടെന്റെ കണ്ണ് തള്ളിപോയി. കൌണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്തു ഞങ്ങള്‍ ബൌളിംഗ് ഏരിയയിലേക്ക് എത്തി - പതിയെ ചുറ്റു പറ്റത്തുള്ളവര്‍ എങ്ങനെയാണു ചെയ്യുന്നതെന്ന് നോക്കി; പിന്നെ അവിടെ ഇരുന്ന മത്തങ്ങാ ബോളിലെക്കും നോക്കി.. ഞാന്‍ അതെടുത്തെറിഞ്ഞാല്‍ എന്തെങ്കിലും വീഴുമോ ആവോ!! വീഴുന്നതും പോകട്ടെ അവര് ഉണ്ടാക്കി വച്ചേക്കുന്ന വഴിയില്‍ കൂടി തന്നെ പോകുമോ..അതോ അടുത്തു തന്നെ കളിച്ചുകൊണ്ടിരിക്കുന്ന തലയില്‍ ചുമ്മന്ന കള്ളി മുണ്ടുടുത്തെക്കുന്ന അറബിയുടെ വഴിയില്‍ ചെന്ന് വീഴുമോ? എന്റെ അത്മഗതങ്ങള്‍ക്ക് വിരാമമിട്ടു മനസ്സിലെ വെപ്രാളം വെളിയില്‍ കാണിക്കാതിരിക്കാന്‍ മാക്സിമം ശ്രമിച്ചു മൂന്നു വിരലുകള്‍ കൊണ്ട് ബോള്‍ ഉയര്‍ത്താന്‍ നോക്കി, അമ്മോ!! എന്നാ മുടിഞ്ഞ വെയിറ്റ് ! വിരല്‍ ഒടിഞ്ഞു പോകും പോലെ തോന്നി.. ബോള്‍ താഴെ ഇട്ടു, എന്നിട്ട് സഹപ്രവര്‍ത്തകര്‍ക്ക് ബൌള്‍ ചെയ്യാന്‍ വേണ്ടി അവസരം കൊടുക്കുന്നു എന്ന ഭാവേന മാറി നിന്നു.. (അവന്മാര് ചെയ്യുന്നത് കണ്ടു പഠിക്കണ്ടേ?) ആരും കാണാതെ വിരല്‍ ഒടിഞ്ഞില്ല എന്ന് ഉറപ്പും വരുത്തി .. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്‍ട്രോള്‍ വിട്ടു. ഇവന്മാര് മാറി മാറി കളിച്ചു തിമര്‍ക്കുക ആണ് ..ശവങ്ങള്‍ !! "നീ കളിക്കുന്നില്ലേ" എന്ന് ഒരു ഫോര്മാലിടിക്ക് പോലും ചോദിക്കുന്നുമില്ല.. ഇതു അനുവദിച്ചു കൊടുത്തുകൂടാ..(കളിക്കണ്ട വിധം ഏകദേശം ഇതിനകം മനസ്സില്‍ ആയി കഴിയുകയും ചെയ്തു) ..ഇനി ഇങ്ങനെ നിന്നാല്‍ എനിക്ക് ചാന്‍സ് കിട്ടില്ല.. അവരെ തള്ളി മാറ്റി കയ്യില്‍ കിട്ടിയ ബോള്‍ വലിച്ചെടുത്തു ഒരേറു - എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് (എന്നെയും) നിരത്തിവെച്ച എല്ലാ കുപ്പികളും (Pins ) കടപുഴകിവീഴുന്ന മനോഹരമായ കാഴ്ച കണ്ടെന്റെ കണ്ണ് പിന്നെയുംതള്ളി - കണ്ടു നിന്നവരുടെയും!! ഞാനൊരു മഹാ സംഭവമാണെന്ന് മറ്റുള്ളവര്‍ മനസിലാക്കിയല്ലോ എന്നുള്ള ഭാവത്തില്‍ എല്ലാരേം നോക്കി.. പിന്നെ ഇതൊക്കെ എനിക്ക് പുല്ലാണ് വെറും പുല്ലു എന്നുള്ള മട്ടില്‍ അടുത്ത ബോള്‍ കയ്യില്‍ എടുത്തു , അപ്പോള്‍ മനസ്സിലാരോ പറഞ്ഞു " പൊട്ടക്കണ്ണന്റെ മാവേലേര്"

No comments:

Post a Comment