Friday, February 24, 2012

acrylic painting


A timepass painting made in just one day..I used kitchen scrubber n brush to paint.

Wednesday, January 4, 2012

പെറ്റ അമ്മക്കില്ലാത്ത സ്നേഹം

കുറെ നാളിന് ശേഷമാണ് ബ്ലോഗ് എഴുതുന്നത്.. എനിക്കു ഫാന്‍സ് ഫോളോയിങ് ഇല്ലാത്തത് കാരണം ആരും എന്നോടു എന്തേ എഴുതാത്തത് എന്നു ചോദിക്കാറില്ല.. പിന്നെ ആകെ ഇതൊക്കെ വായിക്കുന്നത് ഞാന്‍ തന്നെ നിര്‍ബന്ധിച്ച് വായിപ്പിക്കുന്ന എന്‍റെ ഫ്രെണ്ട്സ് മാത്രമാണ്. അവരൊക്കെ ഒരു ബ്ലോഗ് കൂടെ വായിച്ചു ബോര്‍ അടിച്ചു പണ്ടാരം അടങ്ങണ്ട എന്നു വിചാരിച്ചു എന്നോടു ഈ കാര്യത്തെ കുറിച്ച് പറയാറുമില്ല .. പക്ഷേ ഞാന്‍ അങ്ങിനെ ചുമ്മാതെ വിടുമോ ?? എല്ലാരെയും പണ്ടാരമടപ്പിക്കാന്‍ ഇതാ പിന്നെയും ഞാന്‍ .. നിനക്കൊക്കെ വേറെ ഒരു പണിയും ഇല്ലെഡേയ് എന്നു മനസ്സില്‍ വിചാരിക്കുന്ന എല്ലാ ഞാഞ്ഞൂലുകള്‍ക്കും..ഈ ബ്ലോഗ്ഗിനെ അവലോകനം ചെയ്തു "ഛേ.. !! ഇതാണോ ബ്ലോഗ്??"" എന്നു അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു നടക്കുന്ന അവലോകികള്‍ക്കും (ബാക്കി എന്നെ കൊണ്ട് പറയിപ്പിക്കണ്ട..) ആയി ഈ ബ്ലോഗ് ഞാന്‍ സമര്‍പ്പിക്കുന്നു..
ബാംഗ്ലൂര്‍ എന്നാ മഹാ നഗരത്തിലേക്ക് വന്നിട്ട് ഇന്നേക്ക് 3 മാസം..ബാംഗ്ലൂര്‍ ഇനെ പറ്റി ആനയാണ് ചേനയാണ് എന്ന് പറഞ്ഞു എന്‍റെ സഹധര്മണന്‍ ഒരു ഇമ്മിണി ബല്ല്യ ഇമേജ് എന്റെ മനസ്സില്‍ ഉണ്ടാക്കി തന്നിരുന്നു...അങ്ങിനെ ഊതി പെരുപ്പിച്ച ആ ഇമേജ് ഞാന്‍ വന്ന ദിവസം തന്നെ കാറ്റു പോയ ബലൂണ്‍ പോലെ ആയി പോയി.. വെറും ഒരു 25 കിലോമീറ്റെര്‍ കവര്‍ ചെയ്യാന്‍ എടുത്ത സമയം 3 മണിക്കൂര്‍ .. റോഡില്‍ കൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പോകുന്ന വണ്ടികള്‍ . . മെട്രോയുടെ പണി നടക്കുന്നത് കൊണ്ട് പൊടിയില്‍ മൂടി ഇരിക്കുന്ന ആകാശം.. കബ്ബന്‍ പാര്‍ക്ക്‌ കണ്ടപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍മ തോന്നി. നല്ല പച്ചപ്പും നല്ല പൂക്കളും..

ഈ ക്രിസ്ത്മസ്സിനു എന്‍റെ സഹ്ധര്മണന്‍ എന്തോ ഒരു മനസ്സലിവു തോന്നി ഡിന്നര്‍ വെളിയില്‍ നിന്നാക്കാം എന്ന് പ്രക്ക്യാപിച്ചു. കേട്ട പാതി കേള്‍ക്കാത്ത പാതി ഒരു ജീന്‍സും കുര്‍ത്തയും ഇട്ടു ഞാന്‍ റെഡി ആയി .. എന്നെയും അദ്ധേഹത്തിന്റെ കസ്സിനെയും കൂട്ടി മന്ത്രി മാള്ളില്‍ എത്തി.. ഒരു കാറിന്റെ മേലില്‍ മറ്റൊരു കാര്‍ വച്ചുള്ള പാര്‍ക്കിംഗ് ഒക്കെ ആയി മാല്‍ സെറ്റപ്പ് ആണ്.. ക്രിസ്ത്മസ് പ്രമാണിച്ച് അവിടെ പ്രത്യേക ഒരുക്കങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു. ചെന്ന് കേറിയപ്പോഴേ ഞങ്ങള്‍ കണ്ടത് ഒരു വലിയ ഫ്ലെക്സ് ആയിരുന്നു. " ദി കബാബ് ഫാക്ടറി " എന്ന പേരും ചിക്കെന്റെ കൊതിപ്പിക്കുന്ന പല പല രൂപങ്ങളും ഭാവങ്ങളും .. കുറച്ചു നേരം ഓരോ ഫ്ലോറിലും വായി നോക്കി നടന്നു..പിന്നെ പതുക്കെ ഫുഡ്‌ കോര്‍ട്ടിലേക്ക് നീങ്ങി. ഓരോ ഫ്ലോറും ക്രോസ് ചെയ്യുമ്പോഴും " ദി കബാബ് ഫാക്ടറി" യും കൊതിപ്പിക്കുന്ന ഫോട്ടോകളും കണ്ടു.. ഫുഡ്‌ കോര്‍ട്ടില്‍ എത്തിയപ്പോള്‍ ആദ്യം തന്നെ "പിസ്സാ ഹട്ട്ട് " ആണ് കണ്ടത്. അവിടെ തന്നെ നിന്ന എന്നെ ധര്മണന്‍ പിടിച്ചു വലിച്ചു ഇതു കൊള്ളില്ല എന്ന് പറഞ്ഞു " ദി കബാബ് ഫാക്ടറി" ലക്ഷ്യമാക്കി നടന്നു.. അതിന്റെ മുന്നില്‍ എത്തിയപ്പോള്‍ ദെ നില്‍ക്കുന്നു സുന്ദരിയായ ഒരു തരുണിമണി.. അതിനെ കണ്ടിട്ടാണോ എന്തോ ഇവിടെ നിന്ന് മതി ഫുഡ്‌ എന്ന് ധര്മണന്‍ തീര്‍ത്തു പറഞ്ഞു.. പിസ്സ ഹട്ടിനെ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടു ഫാക്ടറിയിലേക്ക് കടന്നു. അകത്തേക്ക് കേറിയപ്പോള്‍ എന്റെയും കസ്സിന്റെയും മുഖം 11 വാട്ടിന്റെ ബള്‍ബ്‌ മാറ്റി 60 വാട്ടിന്റെ ഇട്ട പോലെ ആയി. ചുള്ളന്‍ മാരായ പയ്യന്മാര്‍ .. കഴിക്കാന്‍ ബോയ്ഫ്രെണ്ടിന്റെ കൂടെ വന്നിരിക്കുന്ന കുറച്ചു പെണ്‍കൊടികള്‍ ഒഴിച്ച് വേറെ ഒരെണ്ണം പോലും സെര്‍വ് ചെയ്യാന്‍ ആയി നില്‍ക്കുന്നില്ല.വെളിയില്‍ നില്‍ക്കുന്ന തരുണിയെ കണ്ടു കേറിയതാകാം അവിടെ ഇരിക്കുന്ന ചുള്ളന്മാര്‍. അങ്ങിനെ തന്നെ വേണം എന്ന് പറഞ്ഞു ധര്മണനെ ഒരു വിജയി ഭാവത്തില്‍ നോക്കി. മെനു കാര്‍ഡ്‌ വെയിറ്റ് ചെയ്തിരുന്ന ഞങ്ങള്‍ക്ക് ഒരു പേപ്പര്‍ കൊണ്ട് തന്നു. ബ്ലാക്ക്‌ കളര്‍ ഷര്‍ട്ടും ബ്ലാക്ക്‌ പാന്റും ഇട്ടു കമ്മാണ്ടോയെ പോലെ തോന്നിച്ച ഒരു ചേട്ടന്‍ മെനു എകസ്പ്ലൈന്‍ ചെയ്തു തന്നു. നമ്മള്‍ക്ക് വെജ് ആണോ അതോ നോണ്‍ വെജ് ആണോ വേണ്ടത് എന്ന് മാത്രം പറഞ്ഞാല്‍ മതിയത്രെ!! ഞങള്‍ നോണ്‍ വെജ് എന്ന് പറഞ്ഞു.. നോണ്‍ വെജില്‍ അവര്‍ വിവിധ തരം കബാബുകളും മെയിന്‍ കോഴ്സ് അതായതു ബിര്യാണി അല്ലെന്കില്‍ റൊട്ടി , പിന്നെ ഒടുവില്‍ ഡിസ്സേര്ട്ടും തരുമത്രേ!! നമ്മള്‍ക് എത്ര വേണമെങ്കിലും ആവശ്യപ്പെടാം എക്സ്ട്രാ പൈസ ആവില്ല എന്ന്!!.. ഹോ ..ഇങ്ങനെയും നല്ല ആള്‍ക്കാര്‍ ഉണ്ടോ..?? റേറ്റ് നോക്കി അത് എവിടെയും എഴുതിയിട്ടില്ല..

ഒരു നീല പയ്യന്‍ വന്നു.. നീല പാന്റും നീല ഷര്‍ട്ടും ഒക്കെ ആയി ആകെ ഒരു നീല മയം .. കാണാന്‍ സുമുഘന്‍ . അവന്‍ വിവിധ തരം കബാബുകള്‍ കൊണ്ട് തരാന്‍ തുടങ്ങി.. വായില്‍ കൊള്ളാത്ത പേരുകളും പറഞ്ഞു അതിനെ കുറിച്ച് എന്തോ ലെക്ച്ചരും കൂടെ തരുന്നുണ്ടായിരുന്നു.. എല്ലാം ഓക്കേ ഓക്കേ എന്ന് പറഞ്ഞു കൊണ്ടിരുന്നു. വായില്‍ വച്ചപ്പോഴേ അവന്‍ ഇത്രയും എന്തിനാ പറഞ്ഞത് എന്ന് മനസ്സിലായി.. ഒരു രുചിയുമില്ലാത്ത എന്തെക്കെയോ..അതൊരു സംഭവം ആണെന്ന് നമ്മളെ അറിയിക്കാന്‍ വേണ്ടിയായിരുന്നു പാവത്തിന്റെ ലെക്ചര്‍ . പോട്ടെ സാരമില്ല മെയിന്‍ കോഴ്സ് ആയിട്ടില്ലല്ലോ എന്ന് പറഞ്ഞു സമാധാനിച്ചു. 4 തരം കബാബ് ഉണ്ടായിരുന്നു. അത് കഴിച്ചു കഴിഞ്ഞപ്പോഴേ ഏകദേശം വയര്‍ നിറഞ്ഞ പോലെ ആയി..കഴിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഇതൊക്കെ വയറ്റില്‍ കിടന്നു കുതിരുമോ?? എന്തരാണോ എന്തോ.. അത് കഴിച്ചപ്പോഴേ വയര്‍ നിറഞ്ഞു..തീര്‍ന്നപ്പോള്‍ വീണ്ടും തരാം ഒന്നുടെ തിന്നു നോക്ക് എന്ന് നീല സുമുഘന്‍ പറഞ്ഞു കൊണ്ടിരുന്നു..അവന്‍റെ നിര്‍ബന്ധ പ്രകാരം ഒരു പീസ് കൂടെ കബാബ് കഴിച്ചു.. എന്തൊരു സ്നേഹം.. അല്ലേ..??

മെയിന്‍ കോഴ്സ് വന്നു.. ഒരു വലിയ പാത്രം മുഴുവന്‍ ബിര്യാണി കൊണ്ട് വരുന്ന കണ്ടപ്പോഴേ ഞങ്ങള്‍ അത്ബുദപ്പെട്ടുപോയി.. ഇത്രെയും ബിരിയാണിയോ ??? അത് കൊണ്ട് വന്ന വേറെ ഒരു നീല ചെറുക്കന്‍ (അതും സുമുഘന്‍!!) അതില്‍ നിന്ന് ഒരു തവി ബിര്യാണി എടുത്തു ധര്മണന്റെ പ്ലേറ്റില്‍ വച്ചു.. ഇനിയും വേണമെങ്കില്‍ തരാം എന്ന് പറഞ്ഞു ഒറ്റ പോക്ക് .. എനിക്കും കസ്സിനും റൊട്ടി മതിയെന്ന് ഞങ്ങള്‍ പറഞ്ഞു.. ഒരു റൊട്ടി തന്നിട്ട് അത് കഴിച്ചു തീര്‍ക്കാന്‍ പെട്ട പാട്. കൂടെ കഴിക്കാന്‍ തന്ന പരിപ്പ് കറി കഴിച്ചിട്ട് കരച്ചില്‍ വന്നു. എങ്ങനെ ഒക്കെയോ ആ ഒരു റൊട്ടി തീര്‍ത്തു.. പിന്നെയും ആദ്യം വന്ന നീല ചെക്കന്‍ വന്നു എന്നെയും കസിനെയും കുറച്ചു കൂടി ബിര്യാണി കഴിക്കാന്‍ നിര്‍ബന്ധിച്ചു.. ഞാന്‍ വേണ്ട എന്ന് തീര്‍ത്തു പറഞ്ഞു.. കസ്സിന് അവന്റെ സുന്ദരമായ മുഖത്ത് നോക്കി "നോ" എന്ന് പറയാന്‍ കഴിഞ്ഞില്ല. അവന്‍ ഒരു തവി ബിര്യാണി കസിന്റെ പ്ലേറ്റില്‍ സ്നേഹപൂര്‍വ്വം ഇട്ടു കൊടുത്തു. അത് കണ്ടു പല്ല് ഞെരിച്ചു എന്റെ ധര്മണന്‍ പറഞ്ഞു "പെറ്റ അമ്മക്ക് പോലുമില്ലാത്ത സ്നേഹം".. ഒരു കുപ്പി ബിസ്ലേരി വാട്ടര്‍ മേടിച്ചതും കുടിച്ചു തീര്‍ത്തു. ഇനി ഡിസ്സെര്ട്ട്. അത് കഴിച്ചില്ലെല്ലും വേണ്ട എന്നായി ഞങളുടെ സ്ഥിതി. പക്ഷെ അവര്‍ക്ക് നമ്മളോടുള്ള സ്നേഹം അതിനു അനുവദിക്കുമോ? ഇല്ലാ.. ഒരിക്കലും ഇല്ല.. ദേ വരുന്നു ഡിസ്സെര്ടും ആയി ഒരു കുഞ്ഞു നീല പയ്യന്‍. രണ്ടു നീളം ഉള്ള ട്രേ. അതില്‍ ഒരു സ്പൂണ്‍ കാരറ്റ് ഹല്‍വ. രണ്ടു സ്പൂണ്‍ ചോക്ലേറ്റ് ഐസ് ക്രീം പിന്നെ ഒരു കുഞ്ഞു ഗുലാബ് ജാമുനും.. ഇനിയും വേണമെങ്കില്‍ തരാം എന്ന് പറഞ്ഞു അവന്‍ പോയി.. അത് വരെ കഴിച്ചതില്‍ ചോക്ലേറ്റ് ഐസ് ക്രീം ആയിരുന്നു എനിക്ക് കുറച്ചെങ്കിലും ഇഷ്ടപെട്ടത്. ഇനിയും ആ പയ്യന്‍ " പെറ്റ അമ്മക്കില്ലാത്ത സ്നേഹം" കാണിക്കാന്‍ വരുന്നതിനു മുമ്പ് ബില്‍ കൊണ്ട് വരാന്‍ ഞങ്ങള്‍ പറഞ്ഞു.. ആദ്യം മെനു കൊണ്ട് തന്ന ബ്ലാക്ക്‌ കംമാണ്ടോ പിന്നെയും പുഞ്ചിരിയും ആയി എത്തി.. കൂട്ടത്തില്‍ ബില്ലും..ഫുഡ്‌ ഒക്കെ കൊള്ളാമായിരുന്നോ എന്ന് അറിയണം.. "കൊള്ളില്ലട കോപ്പേ" എന്ന് പറയണമെന്നുണ്ടായിരുന്നു .. മുഖത്തൊരു ചിരി വരുത്തി ഞാന്‍ " ഇറ്റ്‌ വാസ് നൈസ് " എന്ന് പറഞ്ഞു .. അത്രയും വേണമായിരുന്നോ എന്നുള്ള മട്ടില്‍ ധര്മണനും കസ്സിനും എന്റെ മുഖധാവിലേക്ക് നോക്കി.. "പോട്ടെ.. പാവങ്ങള്‍!!" എന്ന് ഞാന്‍ പറഞ്ഞു.. ബില്‍ വന്നു.. പതുക്കെ ധര്മണന്‍ തുറന്നു നോക്കി.. "ടപ്പേ.." എന്ന് തിരിച്ചു അടക്കുന്നത് കണ്ടു.. പിന്നേം തുറന്നു നോക്കുന്നു. ഞാന്‍ പിടിച്ചു വാങ്ങിച്ചു നോക്കി...ഓ വെറും 270 രൂപ 40 പൈസ. വളരെ ചീപ്പ്‌ ആണല്ലോ എന്ന് ഓര്‍ത്തു.. എന്റെ കയ്യില്‍ നിന്ന് ബില്‍ മേടിച്ചു കസ്സിന്‍ വിളിച്ചു കൂവി 2740 രൂപ എന്ന്.. എന്താ???? ഞാന്‍ ഒന്നുകൂടെ വാങ്ങി നോക്കി.. അയ്യോ ഇത് 2740 രൂപ തന്നെ ആണ്. ബില്‍ മാറിപ്പോയോ ഇനി?? ഒന്നുടെ ബില്‍ ഐറ്റംസ് നോക്കി. അല്ല ഇത് ഞങ്ങളുടെ തന്നെ ആണ്.. ആകെ ഞങ്ങള്‍ കഴിച്ചത് വെറും 500 രൂപയുടെ ഫുഡ്. ഇതിനാണല്ലേ നീയൊക്കെ " പെറ്റ അമ്മക്കില്ലാത്ത സ്നേഹം" കാണിച്ചത്‌.. ?? കൊലച്ചതി ആയി പോയി.. ഒന്നും കഴിച്ചതും ഇല്ല.. ചുമ്മാ പൈസയും പോയി.. ധര്മണനെ നോക്കി ഞാന്‍ രണ്ടു ഡോസ് അവിടെ വച്ച് തന്നെ കൊടുത്തു.. വല്ല പിസ്സയും കഴിച്ചു വീട്ടില്‍ പോകാരുന്നു.. നിങ്ങള്‍ വാതിക്കല്‍ നില്‍ക്കുന്ന പെണ്ണിനേം കണ്ടു ഇവിടെ വന്നു കേറിയതിന്റെ കുഴപ്പമാ ഇതൊക്കെ.. ധര്മണന്റെ പോക്കറ്റില്‍ കിടന്ന കാശും പൊയീ..അകത്തു വന്നു തരുണിമണികളെ വായി നോക്കാം എന്ന് വിചാരിച്ചിട്ട് നടന്നതും ഇല്ല.. എല്ലാം കൊണ്ടും പാവം ആകെ ബ്ലിങ്കസ്യ എന്നായി ഇരിക്കുവാണ്. പതുക്കെ പേഴ്സ് ഇല്‍ നിന്നും 3000 രൂപ എടുത്തു അവിടെ വച്ചിട്ട് പോകാം എന്ന് പറഞ്ഞു. ബാക്കി മേടിക്കുന്നില്ലേ? എന്ന് ചോദിച്ചപ്പോള്‍ അത് ടിപ് ആയി ഇരിക്കട്ടെ എന്ന് പറഞ്ഞു.. ഇത്രയും വലിയ ടിപ് കൊടുക്കാന്‍ നിങ്ങള്‍ എന്താ ടിപ്പു സുല്‍ത്താന്റെ കൊച്ചു മകന്‍ ആണോ എന്നുള്ള ഭാവേന ഞാന്‍ നോക്കി.. അതിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് പറഞ്ഞപ്പോള്‍ പാവം എന്റെ ധര്മണന്‍ പറഞ്ഞു 4 കബാബും ഒരു തവി ബിര്യാണിയും ഒരു ഐസ് ക്രീമും കഴിച്ചതിനു 2700 രൂപ കൊടുക്കാമെങ്കില്‍ ആണ് വെറും 300 രൂപ!!! അതും " പെറ്റ അമ്മക്കില്ലാത്ത സ്നേഹം" കാണിച്ച ആ പയ്യന് !! point to be noted mylord..